പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത സ്‌ട്രോബെറി രക്തത്തിലെ പഞ്ചസാര കുറയ്ക്കും
പ്രമേഹം കാരണം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം പാലിച്ച് നിങ്ങളുടെ ഇഷ്ടപ്പെട്ട ഫലവര്‍ഗഭങ്ങള്‍ ഉപേക്ഷിച്ച് നിരാശരായി കഴിയുകയാണോ. വിഷമിക്കേണ്ട സ്‌ട്രോബറി പഴങ്ങള്‍ നിങ്ങളുടെ വിഷമം മാറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തുന്നതിനും സ്‌ട്രോബറിക്ക് കഴിയുമെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്‌ട്രോബെറി പതിവായി കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ വരുന്ന മാറ്റത്തെക്കുറിച്ച് അടുത്തിടെ ഗവേഷകര്‍ ഒരു പഠനം നടത്തി.
ജേണല്‍ ഓഫ് ഫുഡ് ആന്‍ഡ് ഫംഗ്ഷനില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, അമിതഭാരമുള്ള 14 പങ്കാളികളോട് മൂന്ന് വ്യത്യസ്ത ഇടവേളകളില്‍ സ്‌ട്രോബെറി പാനീയം കഴിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് പാനീയം കഴിച്ചവരില്‍ ഭക്ഷണത്തോടൊപ്പം സ്‌ട്രോബറി ജ്യൂസ് കഴിച്ചവരെ അപേക്ഷിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇന്‍സുലിന്‍ സിഗ്‌നല്‍ മെച്ചപ്പെടുത്തുന്നതിലൂടെയും രക്തപ്രവാഹത്തില്‍ നിന്ന് ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിച്ച് ഊര്‍ജമാക്കി മാറ്റുന്നതിലൂടെയുമാണ് ഇത്തരത്തിലുള്ള ഫലം ലഭിച്ചതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
വിമന്‍സ് ഹെല്‍ത്ത് സ്റ്റഡിയില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം തെളിയിക്കുന്നത്, അപൂര്‍വ്വമായി അല്ലെങ്കില്‍ ഒരിക്കലും സ്‌ട്രോബെറി കഴിക്കാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഓരോ ആഴ്ചയും കുറഞ്ഞത് രണ്ട് സെര്‍വിംഗ് സ്‌ട്രോബെറി കഴിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത 10 ശതമാനവും കൂടുതലാണെന്നാണ്. വൈറ്റമിന്‍ സി, മഗ്‌നീഷ്യം എന്നിവയാല്‍ സ്‌ട്രോബെറി സമ്പന്നമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വിറ്റാമിന്‍ സിയിലുണ്ട്. അതേസമയം ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും മഗ്‌നീഷ്യം സഹായിക്കും.
അതേസമയം സ്‌ട്രോബെറി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണെങ്കിലും ധാരാളം ഗുണങ്ങളുണ്ടെങ്കിലും അളവില്ലാതെ ഏത് സമയത്തും കഴിക്കാന്‍ പാടില്ല. രാവിലെയോ വൈകുന്നേരമായോ ലഘുഭക്ഷണമായി മൂന്നോ നാലോ സ്‌ട്രോബറി കഴിക്കാം.അമിത ഉപഭോഗം ഒഴിവാക്കണം, കാരണം ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്..